Sunday 15 May 2011

Tuesday 2 March 2010

കാഴ്ചകള്‍

അങ്ങനെ ഒടുവില്‍ കുറേനാളത്തെ ആഗ്രഹത്തിനും ആവശ്യത്തിനും ഒരറുതി വരുത്തി ഞാനും ഒരു ബ്ലോഗ്‌ തുടങ്ങുന്നു, എഴുതാന്‍ കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഗതി പാളുമോ എന്നൊരു ചെറിയ ഭയമുണ്ടായിരുന്നു. പിന്നെ വഴങ്ങാന്‍ കൂട്ടാക്കാത്ത കുറെ മലയാളം വാക്കുകളും ഇനി ഇപ്പൊ എന്തായാലും തുടങ്ങാം. പിന്നെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് പോലെ എഴുതുന്നതില്‍ ‍ കുറെയൊക്കെ ഞാന്‍ കണ്ട ജീവിതമായിരിക്കും പറഞ്ഞു കേട്ട കഥകളായിരിക്കും, എന്റെ സ്വന്തം അഭിപ്രായം ആയിരിക്കും

കാഴ്ചകള്‍


കാഴ്ചകള്‍ക്കൊരു ചിഹ്നം ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ആദ്യം മനസ്സില്‍ ‍വരുന്ന രൂപം ഒരു തുറന്ന ജാലകമായിരിക്കും. തുറന്ന ജനലിലെ അഴികള്‍ക്കിടയിലൂടെയാണല്ലോ നാം പലപ്പോഴും ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ കാണുന്നത് . ജീവിതം എന്നാ യഥാര്‍‍ത്ഥ്യത്തെ തിരിച്ചറിയുന്നത്‌. അയലത്തെ വീട്ടിലെ കാണാന്‍ പാടില്ലാത്ത കാര്യങ്ങള്‍പ്പോലും ഉളിഞ്ഞുനോക്കുന്നത്. ബസ്സിലായാലും ട്രെയിനിലായാലും അതിന്റെ വശങ്ങളിലെ സീറ്റിലിരിക്കാനും ജനാലയിലൂടെ പുറം കാഴ്ചകള്‍ കാണാനും വിദൂരതയിലേക്ക് നോക്കിയിരിക്കാനും മറ്റു പലെരെയും പോലെ എനിക്കും ഇഷ്ടമായിരുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും മഴയെ ശപിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് മഴ വന്നു ആ ജാലകങ്ങള്‍ അടക്കപ്പെടുമ്പോള്‍ മാത്രമായിരുന്നു


കലാലയ ജീവിതത്തിനു വിരമാമിട്ടപ്പോള്‍ സുഹൃത്തുക്കളെല്ലാം അവരവരുടെ ജീവിതത്തിലേക്ക് ഊളിയിട്ടു പോയപ്പോള്‍ ജീവിതം ഊണിലും ഉറക്കത്തിലും ഒരു ചോദ്യചിഹ്നമായി മുന്നില്‍ നിന്നപ്പോള്‍, ... അപ്പോള്‍ ..., ശരിക്കും അപ്പോള്‍ മാത്രമാണ് ഇനിയെന്ത് എന്ന ചിന്ത മനസ്സില്‍ ഉരിത്തിരിഞ്ഞു വന്നത്. അങ്ങനെയാണ് , സാമ്പാറും മോരും കൂട്ടി ചോറുണ്ണാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ , ശ്രീകൃഷ്ണ ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ഗണപതി പ്രതിഷ്ടയുടെ അരികിലെ പടവില്‍ നിന്നും ഷേത്രക്കുളത്തിലേക്കെടുത്തുചാടി ഊളിയിട്ടു പോകാനും മുങ്ങാം കുഴിയിട്ടുപോകുന്നവനെ പിടിക്കാനും ആഗ്രഹിച്ചിരുന്ന ഞാന്‍, സത്യന്‍ അന്തിക്കാടിന്റെ പടത്തിലെ നായികയെപ്പോലെ ഫുള്‍ പാവാടയും ബ്ലൌസുമിട്ടു നാണം കുണുങ്ങി ഒരുവള്‍ വരുമെന്നം അവള്‍ വന്നു നഖം കടിച്ചു മുന്നില്‍ നിക്കുമ്പോള്‍ പണ്ട് മൂന്നാം ക്ലാസ്സില്‍ വച്ചു ശാന്തമ്മ ടീച്ചര്‍ പറഞ്ഞു തന്ന നഖം കടിയുടെ ദൂഷ്യഫലങ്ങള്‍ അവളെ പറഞ്ഞു മനസിലാക്കണമെന്നും ആഗ്രഹിച്ചിരുന്ന ഞാന്‍ ‍...... ബാംഗ്ലൂരിലേക്ക് വണ്ടി കേറാന്‍ തീരുമാനിച്ചത്.


ചില പഴയകാല സുഹൃത്തുക്കള്‍ക്കൊപ്പം ബാംഗ്ലൂരില്‍ അഞ്ചാം നിലയിലെ ഒരു ഫ്ലാറ്റില്‍ അങ്ങനെ എനിക്കും ഒരു കിടപ്പാടം തരമായി. ഒന്ന് രണ്ടു ദിവസത്തെ വിശ്രമത്തിനും അടിച്ചുപോളിക്കും ശേഷം പിന്നെ ജോലിക്കായുള്ള അലച്ചില്‍. ആ ഫ്ലാറ്റില്‍ ഞങ്ങള്‍ കിടന്നിരുന്ന മുറിയിലെ ജനാലയുടെ വാതില്‍ പ്രധാന റോഡിലേക്കുള്ള കാഴ്ച്ചകളിലേയ്ക്കായിരുന്നു തുറന്നിരുന്നത്‌. മുട്ടോളമെത്താന്‍ മടിക്കുന്ന ഫ്രോക്കും, ഇതെങ്ങെ തിരുകികയറ്റി എന്നാരും സംശയിച്ചുപോകുന്ന ജീന്‍സും ടി ഷര്‍ട്ടുമൊക്കെയിട്ട് ആരോടെന്നില്ലാതെ മൊബൈലില്‍ സംസാരിച്ചു പോകുന്ന തരുണിമണികെളെയും, ഡാന്‍സ്ബാറിലും ലൈവ്ബാന്‍ഡിലെക്കുമൊക്കെ നൃത്തചുവടുകള്‍ വയ്ക്കാന്‍ തിരക്കിട്ട് പോകുന്ന ചെറുപ്പക്കാരെയും, ചിലപ്പോഴൊക്കെ അടച്ചിട്ട വണ്ടികളില്‍ കൊണ്ടിറക്കിവിടുന്ന ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കുന്ന ഇന്‍സ്റിടുട്ടുകളില്‍ നിന്നും അടവച്ചിറക്കിയ കാള്‍ സെന്റെര്‍ പൈതങ്ങളെയും കാണാമായിരുന്നു. ആ കാഴ്ചകള്‍ ഞങ്ങള്‍ക്കെന്നും ഹരമായിരുന്നു, ആ നിറമുള്ളകഴ്ചകളിലോരളായിത്തീരാന്‍ ആ ചിറകുള്ള ജീവിതത്തിന്റെ ഒരു ഭാഗമായിത്തീരാന്‍ ആയിരുന്നു പിന്നീടു ഞങ്ങളുടെ ശ്രമം. പണമില്ലാത്തവന്‍ ഒന്നുമല്ല എന്ന തിരിച്ചറിവും ബാംഗ്ലൂര്‍ നഗരത്തിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാനുള്ള ആവേശവും എങ്ങനെയും ഒരു ജോലി എന്നാ ലക്ഷ്യത്തെ സാധൂകരിക്കാന്‍ ധാരാളം പോന്നവയായിരുന്നു.

കൂടെയുണ്ടായിരുന്ന പലരും ജോലി കിട്ടി രാവിലെ ബെല്‍ട്ടും സ്യൂട്ട്‌മൊക്കെയിട്ട് ഗുഡ് ബൈ പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി, ദിവസേനെയുള്ള അലച്ചിലിനും കവലയിലെ മായികക്കാഴ്ചയിലും എന്തുകൊണ്ടോ മനസ്സ് മടുത്തു തുടങ്ങിയിരുന്നു. ആ ഫ്ലാറ്റിന്റെ അടുക്കള ഭാഗത്തായി ഒരു ജനാല ഉണ്ടായിരുന്നു ആരും അധികം ശ്രദ്ധിക്കാതെ പൊടി പിടിച്ചുകിടന്നിരുന്ന, അഴികള്‍ ഇട്ട ഒരു ജാലകം. ആ ജനല്‍പ്പാളി തുറക്കുന്നത് നഗരത്തിന്റെ മാലിന്യങ്ങള്‍ക്ക്‌ നടുവിലുള്ള ഒരു ചേരിയിലേക്കായിരുന്നു അത് കൊണ്ട് തന്നെ ആ പാളികള്‍ തുറന്നു അങ്ങോട്ടേക്ക് നോക്കാന്‍ ആര്‍ക്കും താല്‍പ്പര്യവും ഇല്ലായിരുന്നു. (അല്ലെങ്കിലും നമ്മള്‍ എപ്പോഴും ജീവിതത്തിന്റെ ആഡംഭരവും നിറങ്ങളുമോക്കെയല്ലേ കാണാന്‍ ആഗ്രഹിക്കുക..) ആ ചേരിക്കും അപ്പുറത്തായി ഇഴഞ്ഞു നീങ്ങുന്ന ട്രെയിനുകള്‍ കാണാമായിരുന്നു. അതില്‍ നാട്ടിലേക്കു പോകുന്ന ട്രെയിനും ഉണ്ടാകുമെന്ന് ഞാന്‍ വെറുതെ ഊഹിച്ചു അങ്ങനെ പതിയെ പതിയെ വീണ്ടും നാടും, സത്യന്‍ അന്തിക്കാടും, ഷേത്രക്കുളവുമെല്ലാം മനസിലേക്ക് കടന്നുവരാന്‍ തുടങ്ങി. കീറിപ്പറിഞ്ഞ ഒരു പുസ്തകത്തില്‍ നിന്നും എന്തോ പകര്‍ത്തിയെഴുതാന്‍ ശ്രമിക്കുന്ന ആ ചേരിയിലുള്ള ഒരു കൊച്ചു പെണ്‍കുട്ടിയെ അതിനിടയിലെപ്പോഴോ ആണ് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്, പാകമല്ലാത്ത കുറച്ചൊക്കെ കീറിപ്പോയ ഒരു പാവാടയും നിറം കെട്ട ഒരു ചുവന്ന ഉടുപ്പുമായിരുന്നു അവളുടെ വേഷം. നഗര വികസനത്തിനായി ഇടിച്ചു തകര്‍ത്ത കെട്ടിടത്തിലെ ഉടയാത്ത ചുമരുകളിലൊന്നില്‍ കരിക്കട്ട കൊണ്ട് ചിത്രം വരയ്ക്കുന്ന അവളെ ഒരിക്കല്‍ കാണാനിടയായി. പിന്നീടൊരിക്കല്‍ സ്ക്കൂളിലേക്കുള്ള ബസ്സിനായി പോകുമ്പോള്‍ റോഡില്‍ കിടന്നിരുന്ന വെള്ളം ചവിട്ടാതെ മറുകണ്ടം ചാടാന്‍ സഹായിക്കുന്ന ചേച്ചിയെയും ചാടാന്‍ മടിച്ചു നിന്നിരുന്ന അനുജനെയും ഉടഞ്ഞു പോയ സ്ലേറ്റിന്റെ ഫ്രെയിമിലൂടെ ദയനീയഭാവത്തോടെ നോക്കി വീടിന്റെ വാതില്‍പ്പടിയിലിരിക്കുന്ന അവളെക്കണ്ടു. അപ്പുറത്തെയും ഇപ്പുറത്തെയും ജനല്‍ പാളികള്‍തുറന്നാല്‍ ജീവിതത്തിന്റെ രണ്ടു വ്യത്യസ്ഥ മുഖങ്ങള്‍ ഇതിനിടയില്‍ എവിടയൊക്കെയോ എത്തപ്പെടാന്‍ എന്തൊക്കെയോ നേടാന്‍ കുറെ നിറം പിടിപ്പിച്ച സ്വപ്നങ്ങളും നടക്കാത്ത ആഗ്രഹങ്ങളുമായി ഞാന്‍ ......


അതിനിടയില്‍ ഒരു വൈകുന്നേരം നിനച്ചിരിക്കാതെ ഒരു ഫോണ്‍ കാള്‍, അടുത്ത ദിവസം വന്നു ജോയിന്‍ ചെയ്തോളാന്‍ , ആ പറഞ്ഞ ശബ്ദം കാതുകളില്‍ ഒരു കുളിര്‍മയായി എന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു വേനല്‍ മഴയായി പെയ്തിറങ്ങി. ഒരാഴ്ച എല്ലാം മറന്നു ജോലിയിലുള്ള ആവേശം, പിന്നൊരു വീക്കെണ്ട്, പതിവിനേക്കാള്‍ വിപരീതമായി മനോഹരമായ ഞായറാഴ്ച, അന്ന് രാവിലെ എഴുന്നേറ്റു കുടിക്കാന്‍ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അടുക്കളഭാഗത്തുള്ള ആ ജനാല വീണ്ടും ശ്രദ്ധയില്‍പ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ വീണ്ടും പൊടിയടിച്ചിരിക്കുന്നു, ആ പെണ്‍കുട്ടി ഇപ്പോഴും തെരുവില്‍ തന്നെയുണ്ടാകുമോ??.. ജാലകം വലിച്ചു തുറന്നപ്പോള്‍ കണ്ടത് നടന്‍ വിജയ്‌യുടെ ഒരു കൂറ്റന്‍ കട്ടൌട്ടാണ് , ജനലില്‍ നിന്നും ചേരിയിലേക്കുള്ള കാഴ്ച്ചയുടെ ഭൂരിഭാഗവും എന്നെന്നേക്കുമായി മറച്ചിരുന്ന ആ കട്ടൌട്ടില്‍ വിജയ്‌ ചിരിച്ചിട്ട് നില്‍ക്കുന്നു. അതിന്റെയടിയില്‍ വലിയ അക്ഷരത്തില്‍ തമിഴില്‍ എന്തോ എഴുതിയിട്ടുണ്ടായിരുന്നു...............